കാഞ്ഞങ്ങാട് നഗരസഭാ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സ് മുറികളുടെ ലേലത്തിന് അനുമതിയായി Snews


കാഞ്ഞങ്ങാട്:

അലാമിപ്പള്ളിയിലെ നഗരസഭാ ബസ്‌സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിലെ കടമുറികളും ഓഫീസ് മുറികളും ലേലംചെയ്യാനുള്ള നടപടികൾ പൂർത്തിയായി. ലേലം സംബന്ധിച്ച നിയമാവലി സർക്കാർ അംഗീകരിച്ച് ഗസറ്റ് വിജ്ഞാപനം ചെയ്തതോടെയാണ് വർഷങ്ങളായി നീണ്ട പ്രശ്നങ്ങൾക്ക് പരിഹാരമായത്.

വെള്ളിയാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ ഗസറ്റ് വിജ്ഞാപന രേഖയും അനുമതിയും സമർപ്പിച്ചു. 2019 ഫെബ്രുവരി 12-നാണ് അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ് ഉദ്ഘാടനംചെയ്തത്. എന്നാൽ, ഷോപ്പിങ് കോപ്ലക്സ് കെട്ടിടങ്ങൾ ലേലംചെയ്യാൻ പറ്റാത്തതുകാരണം വാടകയിനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായത്. ലേലവുമായി ബന്ധപ്പെട്ട നടപടികൾ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടതാണ് കാരണം.

കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ച കടമുറിലേലനിയമാവലിയെ ചോദ്യംചെയ്ത് നഗരസഭയിലെ മുസ്‌ലിംലീഗ് കൗൺസിലർമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. സർക്കാർ അംഗീകാരത്തോടെ ഗസറ്റ് വിജ്ഞാപനം നടത്തി നിയമാവലി പ്രസിദ്ധീകരിക്കണം എന്നതായിരുന്നു കോടതി വിധി.

കാസർകോട് വികസന പാക്കേജിൽ അലാമിപ്പള്ളിയിൽ മിനി ഇൻഡോർ സ്റ്റേഡിയ നിർമാണത്തിനായി സ്ഥലം വിട്ടുനൽകാനുള്ള അജൻഡ അടുത്തയോഗം ചർച്ചചെയ്യും. ബസ്‌സ്റ്റാൻഡ്-സ്റ്റേഡിയ നിർമാണ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്താനാണ് സെക്രട്ടറിയുടെ വിശദീകരണത്തെത്തുടർന്ന് അജൻഡ മാറ്റിവെച്ചത്. കെ.മഹമ്മദ്കുഞ്ഞി, എച്ച്.റംഷീദ്, എച്ച്.ആർ.ശ്രീധരൻ, സന്തോഷ്‌ കുശാൽനഗർ, എ.നാരായണൻ, ടി.വി.ഭഗീരഥി, ഗംഗാ രാധാകൃഷ്ണൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.


ഭിന്നശേഷിക്കാർക്കും കടമുറികൾ നൽകണം

ഗസറ്റ് വിജ്ഞാപനംചെയ്ത നിയമാവലിപ്രകാരം ഷോപ്പിങ് കോംപ്ലക്സിലെ ആകെ മുറികളിൽ മൂന്നുശതമാനം മുറികൾ ഭിന്നശേഷിക്കാർക്കായി നീക്കിവെയ്ക്കണം. കൂടാതെ പട്ടികജാതി-പട്ടികവർഗത്തിന് പത്തുശതമാനവും വിധവകൾക്ക് മൂന്നുശതമാനവും നാല് കടമുറികൾ അർധസർക്കാർ/സഹകരണ സ്ഥാപനങ്ങൾക്കായും നീക്കിവെയ്ക്കണമെന്ന് നിഷ്കർഷിക്കുന്നു. സംവരണംചെയ്യപ്പെട്ട മുറികളുടെ വിശദവിവരങ്ങളും അനുബന്ധമായ കാര്യങ്ങളും നിയമാവലിയിലുണ്ട്. നഗരസഭാ ലൈസൻസിക്ക് അനുവദിച്ച മുറിയിൽ ഘടനാപരമായി മാറ്റവും രൂപഭേദവും അനുവദിക്കില്ല. 


കടവരാന്തകളിൽ സാധനങ്ങൾ സൂക്ഷിക്കുക, കച്ചവടംചെയ്യുക, മലിനമാക്കുക, മാർഗതടസ്സം ഉണ്ടാക്കുക എന്നീ കാര്യങ്ങൾ വിലക്കിയിട്ടുണ്ട്. പരസ്യബോർഡുകൾ ഷോപ്പുകളുടെ മുന്നിലല്ലാതെ മറ്റിടങ്ങളിലോ മുറ്റത്തോ പരസരത്തോ പാടില്ലെന്ന് നിയമാവലിയിൽ പറയുന്നു.

വാടകയിനത്തിൽ നഷ്ടമായത് ലക്ഷങ്ങൾ 


ചെയർമാൻഗങ്ങളുടെ നടപടിമൂലം ലേലം നീണ്ടുപോയത് ഭീമമായ സാമ്പത്തികനഷ്ടം നഗരസഭയ്ക്ക് വരുത്തിെവച്ചതായി ചെയർമാൻ വി.വി.രമേശൻ കുറ്റപ്പെടുത്തി.

പുതുതായി നിയമാവലി തയ്യാറാക്കുന്നതിനും ഗസറ്റ് വിജ്ഞാപന നടപടികൾ പൂർത്തീകരിക്കുന്നതിനും വളരെയേറെ പ്രയാസങ്ങളും കടമ്പകളും നേരിടേണ്ടിവന്നതായി ചെയർമാൻ വെളിപ്പെടുത്തി. ഏറ്റവും അടുത്ത ദിവസങ്ങളിൽത്തന്നെ ലേലനടപടികൾ തുടങ്ങാനാണ് തീരുമാനമെന്നും ചെയർമാൻ പറഞ്ഞു.

കൗൺസിൽ യോഗങ്ങളിൽ അംഗങ്ങളുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്കെടുക്കാത്ത ചെയർമാന്റെ നടപടികളാണ് ലേലനടപടികൾ കോടതിയിലെത്താൻ ഇടയാക്കിയതെന്ന് മുസ്‌ലിം ലീഗ് കൗൺസിലർ കെ.മുഹമ്മദ്കുഞ്ഞി പറഞ്ഞു. കൗൺസിൽ യോഗങ്ങളിൽ ചൂണ്ടിക്കാട്ടുന്ന വിയോജിപ്പുകളിൽ ചർച്ചചെയ്ത് സമവായം കണ്ടെത്തുന്നതിനുപകരം അടിച്ചേൽപ്പിക്കുന്ന നടപടി ശരിയായ രീതിയല്ലെന്ന് മുഹമ്മദ്കുഞ്ഞി വിശദീകരിച്ചു

Post a Comment

Previous Post Next Post
close