ആറ് ഭാര്യമാരും 28 മക്കളും, അത്യാഡംബര ജീവിതം,സുലു രാജാവിന്റെ ജീവിതം....

രാജഭരണം ഒക്കെ അവസാനിച്ചെങ്കിലും ചുരുക്കം ചിലയിടത്ത് ആ പാരമ്പര്യം ഇന്നും നിലനിൽക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രമായ സുലുവിന്റെ രാജാവായിരുന്നു കഴിഞ്ഞ ആഴ്ച മരണപ്പെട്ട ഗുഡ്‌വിൽ സ്വെലിത്തിനി കാബെകുസുലു. സുലു ഗോത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്നത് അദ്ദേഹമാണ്. ഇത് അദ്ദേഹത്തിന്റെ ഭരണത്തിന്റെ അമ്പതാം വർഷമായിരുന്നു. 72 -ാം വയസ്സിൽ അന്തരിച്ച അദ്ദേഹം തെക്ക്-കിഴക്കൻ ക്വ-സുലു നടാൽ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണമായ നോംഗോമയിൽ നിന്നുള്ള രാജാവാണ്. ഔദ്യോഗികപരമായി അധികാരമൊന്നുമില്ലെങ്കിലും, ഗോത്രത്തിന്റെ എട്ടാമത്തെ രാജാവായി അദ്ദേഹം 1968 -ൽ അധികാരമേറ്റു. ആർഭാടകരമായ ജീവിതത്തിന്റെ പേരിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അദ്ദേഹം.  

അദ്ദേഹത്തിന്റെ ഭരണം ദക്ഷിണാഫ്രിക്കയെ പ്രക്ഷുബ്ധമാക്കി. വർണ്ണവിവേചനത്തിന്റെ ഉന്നതിയിൽ അദ്ദേഹം സിംഹാസനം ഏറ്റെടുത്തു.   രാജ്യത്തിന്റെ ഭരണ കാലം അക്രമാസക്തവും പ്രക്ഷുബ്ധവുമായിരുന്നു. രാജാവില്ലെങ്കിൽ സുലു ജനത ഉണ്ടാകില്ലെന്ന അദ്ദേഹം ജനങ്ങളെ ആവർത്തിച്ച് ഓർമപ്പെടുത്തി. പരമ്പരാഗത സംസ്കാരത്തിന്റെ ഒരു വക്താവായിരുന്നു അദ്ദേഹം. അതേസമയം കാലഹരണപ്പെട്ട ആശയങ്ങളെ ഉയർത്തികാട്ടുന്നു എന്ന പേരിൽ ധാരാളം വിമർശനങ്ങളും കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ കാലത്താണ് 1991 -ൽ ഉമ്‌ലംഗ അല്ലെങ്കിൽ റീഡ് ഡാൻസ് എന്ന പരമ്പരാഗത നൃത്ത ഉത്സവത്തിന്റെ പുനരുജ്ജീവനമുണ്ടായത്. വ്യാപകമായ എതിർപ്പുണ്ടായിട്ടും കാലഹരണപ്പെട്ട ആ ആചാരത്തെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു.


നൂറുകണക്കിന് അവിവാഹിതരായ സുലു സ്ത്രീകൾ അർദ്ധ നഗ്നരായി ചടങ്ങിൽ നൃത്തം ചെയ്യും. ചടങ്ങിൽ നഗ്നമായ മാറിടം കാണിച്ച് സ്ത്രീകൾ ഒരു കമ്പ് പിടിച്ച് രാജാവിന്റെ അടുത്തേക്ക് ചെല്ലും. രാജാവിന് ലഭിക്കുന്നതിന് മുമ്പ് ആ കമ്പ് പൊട്ടിയാൽ പെൺകുട്ടി കന്യകയല്ല എന്ന് കണക്കാക്കുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും മുൻ‌കൂട്ടി ഒരു കന്യകാത്വ പരിശോധന കൂടി നടത്തേണ്ടതുണ്ട്.  
എച്ച്ഐവി ബാധിതരുടെ ഏറ്റവും ഉയർന്ന പ്രവിശ്യയാണ് ക്വാസുലു-നടാൽ. ഈ ആചാരത്തിലൂടെ തന്റെ രാജ്യത്ത് രോഗം പടരുന്നത് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് വിവാഹം വരെ കാത്തിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും ഇത് വഴി അദ്ദേഹം ശ്രമിച്ചു. എന്നാൽ വിവാദമായ പരമ്പരാഗത കന്യകാത്വ പരിശോധന, സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്നവരുടെയും, എച്ച്ഐവി / എയ്ഡ്സ് പ്രതിരോധ പ്രവർത്തകരുടെയും കോപത്തിന് കാരണമായി.    

അത് കൂടാതെ സ്വവർഗ്ഗാനുരാഗികളെ 'ചീഞ്ഞ' എന്ന് അദ്ദേഹം മുദ്രകുത്തി. 'സ്വവർഗ്ഗ ബന്ധങ്ങൾ സ്വീകാര്യമല്ല' എന്ന് അദ്ദേഹം അവകാശപ്പെട്ടു. കുടിയേറ്റത്തോടുള്ള അദ്ദേഹത്തിന്റെ മനോഭാവവും വിമർശനത്തിന് ഇടയാക്കി. ദക്ഷിണാഫ്രിക്കയിൽ വർദ്ധിച്ചുവരുന്ന അധാർമ്മികതയ്ക്ക് കുടിയേറ്റക്കാർ ഉത്തരവാദികളാണെന്നും അവരെ പുറത്താക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചപ്പോൾ മാരകമായ വംശീയ അതിക്രമങ്ങൾക്ക് അത് ആക്കം കൂട്ടി.  

അദ്ദേഹത്തിന് ആറ് ഭാര്യമാരും 28 മക്കളുമുണ്ടായിരുന്നു. ഈ ഭാര്യമാർക്ക് താമസിക്കാൻ ആറ് കൊട്ടാര സമാനമായ മന്ദിരങ്ങളും അദ്ദേഹം പണിതു. കുട്ടികൾക്കുള്ള മിലിട്ടറി യൂണിഫോം വാങ്ങാൻ 15 ലക്ഷത്തോളം രൂപ ചിലവഴിച്ചത് വലിയ കോളിളക്കത്തിന് കാരണമായിരുന്നു. അദ്ദേഹത്തെയും ആറ് ഭാര്യമാരെയും 28 കുട്ടികളെയും പരിപാലിക്കാനായി ദക്ഷിണാഫ്രിക്കൻ സർക്കാർ അദ്ദേഹത്തിന് 3 മില്യൺ ഡോളർ കൈമാറിയിരുന്നു. എന്നിട്ടും സ്വെലിത്തിനി 2014 ൽ പാപ്പരായി പ്രഖ്യാപിച്ചു. അയൽ രാജ്യമായ സ്വാസിലാൻഡിൽ നിന്നുള്ള 28 കാരിയായ ആറാമത്തെ ഭാര്യ സോള മാഫുമായുള്ള വിവാഹത്തിൽ 5,000 അതിഥികളാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയിലെ സൺ‌ഡേ ടൈംസ് പറയുന്നതനുസരിച്ച്, രാജാവ് ഭക്ഷണത്തിനായി 55,000 ഡോളറും, ശബ്ദ സംവിധാനത്തിനായി 10,000 ഡോളറിലും അലങ്കാരങ്ങൾക്കും പൂക്കൾക്കുമായി 15,000 ഡോളറും ചിലവഴിച്ചു. മൊത്തത്തിൽ, 5,000 പേർ പങ്കെടുത്ത ചടങ്ങിന് 250,000 ഡോളർ ചിലവായി. രാജ്യം മുഴുവൻ പട്ടിണിയിൽ കിടക്കുമ്പോഴാണ് ഈ ആർഭാടം.

അതുപോലെ തന്നെ മൂന്നുവർഷം മുമ്പ്, ശാരീരിക ശിക്ഷയെ പിന്തുണച്ചുകൊണ്ട് സംസാരിച്ച രാജാവ് വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചു. ഇത് വിദ്യാർത്ഥികളെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. നിരവധി രാജകൊട്ടാരങ്ങളും ആറ് ഭാര്യമാരും 28 ലധികം കുട്ടികളും ഉൾപ്പെടുന്ന ഒരു ജീവിതശൈലിക്ക് ധനസഹായം നൽകാൻ സ്വെലിത്തിനി തന്റെ രാജകീയ പദവി ഉപയോഗിച്ചു. സംസ്ഥാനത്ത് നിന്ന് പ്രതിവർഷം 60 ദശലക്ഷത്തിലധികം റാൻഡുകൾ (4 മില്യൺ ഡോളർ) അദ്ദേഹം ഇതിനായി കൈപ്പറ്റി....


കടപ്പാട് വാർത്ത

Post a Comment

Previous Post Next Post
close