ഈ മൂന്ന് ആപ്പുകള്‍ നിങ്ങളുടെ ഫോണിലുണ്ടോ? എങ്കില്‍ അപകടമാണ്; മുന്നറിയിപ്പ് google warns about apps with security flaws

  വന്‍ സുരക്ഷ പ്രശ്നങ്ങളാല്‍ ഗൂഗിള്‍ (Google) പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകളെ നീക്കം ചെയ്യാറുണ്ട്. ഇത്തരത്തില്‍ അടുത്തിടെയാണ് 150 ആപ്പുകളെ (Android Apps) ഗൂഗിള്‍ തങ്ങളുടെ ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തത്. ഇത് ഉപയോഗിക്കുന്നതില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു ഗൂഗിള്‍. ഇപ്പോള്‍ ഇതാ ഉപയോക്താക്കള്‍ക്ക് ഹാനികരമാകാവുന്ന മൂന്ന് ആപ്പുകളെക്കൂടി ഗൂഗിള്‍‍ നീക്കം ചെയ്തു. ലോകത്താകമാനം 3 ശതകോടി ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളുണ്ട്. ഇവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നത് തന്നെയാണ് ഈ ആപ്പുകള്‍ക്കെതിരായ ഗൂഗിള്‍ ആരോപണം.


സാമ്പത്തികമായും, സ്വകാര്യ വിവരങ്ങളുടെ പേരിലും ഉപയോക്താവിനെ പറ്റിക്കുന്ന തരത്തിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നാണ് ഗൂഗിള്‍ പറയുന്നത്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധരായ കസ്പേര്‍സ്കി ലാബ്സ് ഈ മൂന്ന് ആപ്പുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവയുടെ ലോഗിന്‍ രീതി തൊട്ട് പ്രശ്നമാണ് എന്നാണ് ഇവര്‍ കണ്ടെത്തിയത്.


മാജിക്ക് ഫോട്ടോ ലാബ്- ഫോട്ടോ എഡിറ്റര്‍, ബ്ലെന്‍റര്‍ ഫോട്ടോ എഡിറ്റര്‍, പിക്സ് ഫോട്ടോ മോഷന്‍ എഡിറ്റ് 2021 എന്നീ ആപ്പുകളാണ് നിരോധിച്ചത്. ഇവ പലതും ഫേസ്ബുക്ക് വഴി ലോഗിന്‍ ചെയ്യാം എന്ന് കാണിച്ചാണ് തുറക്കുന്നത്. പലരും എളുപ്പത്തിന് അത് ഉപയോഗിക്കുന്നു. ഇതോടെ ഈ ആപ്പുകള്‍ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ കൈക്കലാക്കുന്നു. പലപ്പോഴും സ്പോട്ടിഫൈ, ടിന്‍റര്‍ പോലുള്ള ആപ്പുകളും ഈ രീതിയിലാണ് തുറക്കുന്നത്. അതിനാല്‍ തന്നെ ഇതിലൂടെ ആ ആപ്പുകളിലെ സ്വകാര്യ വിവരങ്ങള്‍ പോലും ചോര്‍ത്താന്‍ സാധിക്കും.


ഈ അപ്പുകള്‍ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഗൂഗിളും, കസ്പേര്‍സ്കി ലാബ്സും അറിയിക്കുന്നത്. അതിന് പുറമേ നിങ്ങളുടെ ഫേസ്ബുക്ക് ലോഗിന്‍ വിവരങ്ങള്‍ നീക്കം ചെയ്യാനും ഫേസ്ബുക്ക് പറയുന്നു.

Post a Comment

Previous Post Next Post
close