ഇന്ത്യയിലെ ഗൂഗിൾ മാപ്പിൽ സ്ട്രീറ്റ് വ്യൂ ഫീച്ചർ വരുന്നു google map street view


ഒടുവില്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നു. ഈ ഫീച്ചറിലൂടെ വീട്ടിലിരുന്ന് ഇന്ത്യയിലെ സ്ഥലങ്ങള്‍ നടന്നു കാണാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ഇതോടൊപ്പം ഗൂഗിള്‍ മാപ്പില്‍ ഇനി റോഡുകളിലെ വേഗപരിധി, തടസങ്ങള്‍, അടച്ചിടല്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും അറിയാനാവും. പ്രാദേശിക അധികൃതരുമായി സഹകരിച്ച് ഒപ്റ്റിമൈസ് ചെയ്ത ട്രാഫിക് ലൈറ്റുകളും മാപ്പില്‍ കാണാം. 
ജെനെസിസ് ഇന്റര്‍നാഷണലുമായി സഹകരിച്ചാണ് ഗൂഗിള്‍ മാപ്പ്‌സ് ഇന്ത്യയില്‍ സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ എത്തിക്കുന്നത്. ബെംഗളുരുവില്‍ മാത്രമാണ് ഇപ്പോള്‍ ഇത് ലഭ്യമാവുക. താമസിയാതെ തന്നെ ഹൈദരാബാദ്,കൊല്‍ക്കത്ത എന്നിവിടങ്ങളിലും സ്ട്രീറ്റ് വ്യൂ ഫീച്ചര്‍ അവതരിപ്പിക്കും. അതിന്‌ശേഷമായിരിക്കും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് കൂടി ഈ സൗകര്യം എത്തിക്കുക. ചെന്നൈ, മുംബൈ, പുനെ, നാസിക്, വഡോദര, അഹമദ് നഗര്‍, അമൃത്‌സര്‍ എന്നിവിടങ്ങള്‍ പട്ടികയിലുണ്ട്.
ഒരു തെരുവിന്റെ 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ നടന്നു കാണാന്‍ സാധിക്കുന്ന സൗകര്യമാണ് സ്ട്രീറ്റ് വ്യൂ. ഉദാഹരണത്തിന് ബെംഗളുരു നഗരത്തില്‍ നിങ്ങള്‍ അന്വേഷിക്കുന്ന ഷോപ്പ് എവിടെയാണെന്നും പാര്‍ക്ക് എവിടെയാണെന്നും മാള്‍ എവിടെയാണെന്നുമെല്ലാം ആ വഴികളിലൂടെ നടക്കുന്നത് പോലെ തന്നെ സ്ട്രീറ്റ് വ്യൂവിലൂടെ കാണാന്‍ സാധിക്കും. 
ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനിലാണ് ഈ സൗകര്യം ലഭിക്കുക. ഇതിനായി മാപ്പ് സ്‌ക്രീനിന് താഴെയായി സ്ട്രീറ്റ് വ്യൂ ഐക്കണ്‍ ഉണ്ടാവും. 
2022 അവസാനത്തോടെ ഇന്ത്യയിലെ 50 ലേറെ നഗരങ്ങളില്‍ സ്ട്രീറ്റ് വ്യൂ എത്തിക്കാനാവുമെന്നാണ് ഗൂഗിള്‍ പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വായു മലിനീകരണ തോത് അറിയിക്കുന്നതിനായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡുമായും ഗൂഗിള്‍ സഹകരിക്കുന്നുണ്ട്. 

Post a Comment

Previous Post Next Post