Ads Area

നിഗൂഢതകൾ ഒളിപ്പിച്ച ആകാശത്തിലെ പ്രേതവിമാനംലോക ചരിത്രമെന്നത് ഇതുവരെയും മറനീക്കി പുറത്ത് വരാത്ത ഒരു കൂട്ടം നിഗൂഢ രഹസ്യങ്ങളുടെ കലവറ കൂടിയാണ്. ബർമുഡ ട്രയാങ്കിൾ മുതൽ എം.എച്ച് 370 വരെ നീളുന്ന ഈ പട്ടികയിൽ പ്രേത വിമാനം എന്നറിയപ്പെടുന്ന ഹീലിയോസ് 522ന്റെ ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു. 121 യാത്രക്കാരുമായി പറന്നു പൊങ്ങിയ ഹീലിയോസ് 522നെക്കുറിച്ച് മണിക്കൂറുകളോളം വിവരമില്ലാത്തതിനെ തുടർന്ന് പരിശോധിക്കാനെത്തിയ യുദ്ധവിമാനത്തിലെ പൈലറ്റ് കണ്ടത് യാത്രക്കാരെല്ലാം മരിച്ച നിലയിലാണ്. പെട്ടെന്ന് അതിലൊരാൾ എഴുന്നേറ്റ് വിമാനം നിയന്ത്രിക്കാൻ തുടങ്ങി. മിനിറ്റുകൾക്കകം വിമാനം തകർന്നു വീണു. എന്നാൽ യാത്രക്കാരുടെ മൃതദേഹം പരിശോധിച്ച ഡോക്‌ടർമാർ ഞെട്ടി. കാരണം യാത്രക്കാരെല്ലാം മരിച്ചത് വിമാനം തകർന്നു വീഴുമ്പോഴുണ്ടായ ആഘാതം മൂലമാണെന്നാണ് ഇവർ കണ്ടെത്തിയത്. അപ്പോൾ യാത്രക്കാർ മരിച്ചെന്ന് റിപ്പോർട്ട് നൽകിയ യുദ്ധവിമാനത്തിലെ പൈലറ്റ് പറഞ്ഞത് കളവാണോ? അവസാന നിമിഷം വിമാനത്തെ നിയന്ത്രിച്ചിരുന്ന അജ്ഞാത യാത്രക്കാരൻ ആര്? ഗ്രീസ് സർക്കാർ നിയോഗിച്ച അന്വേഷണ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ.

ഹീലിയോസ് 522 യാത്ര തിരിക്കുന്നു
2005 ആഗസ്‌റ്റ്‌ 14ന് രാവിലെയാണ് സൈപ്രസ് ദ്വീപിൽ നിന്നും ഗ്രീസിലെ ഏഥൻസിലേക്ക് ഹീലിയോസ് എയർവെയ്സിന്റെ ഫ്‌ളൈറ്റ് 522 പറന്നുയരുന്നത്. 121 യാത്രക്കാരുടെ കൂടെ 25 വയസുകാരനായ ആന്ത്രയാസ് പെട്രോമോയെന്ന ഫ്ലൈറ്റ് അറ്റൻഡന്റും യാത്ര ചെയ്യുന്നുണ്ടായിരുന്നു.കൊമേഴ്ഷ്യൽ പൈലറ്റ് ട്രെയ്‌നിംഗ് പൂർത്തിയാക്കിയ ശേഷം പൈലറ്റായി പുതിയൊരു കരിയർ തുടങ്ങാനായി അവസരം കാത്തിരിക്കുന്ന ഇയാൾ ഓഫ് ഡ്യൂട്ടിയായിട്ടും ഹീലിയോസ് 522ലെ ജോലി ചോദിച്ചു വാങ്ങാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. തന്റെ കാമുകിയും ഈ വിമാനത്തിലെ എയർ ഹോസ്‌റ്റസുമായ ഹാരിസിനോടൊപ്പം കുറച്ചു സമയം ചിലവഴിക്കാനാണ് പെട്രോ ഡ്യൂട്ടിക്കിറങ്ങിയത്. എന്നാൽ ചരിത്രത്തിന് പെട്രോയിലൂടെ മറ്റ് പല കാര്യങ്ങളും ചെയ്യാനുണ്ടായിരുന്നു.

വിമാനവുമായി ബന്ധം നഷ്‌‌ടപ്പെടുന്നു
കോക്പിറ്റിൽ ക്യാപ്‌റ്റൻ ഹാൻസ് മാർട്ടിനും കോപൈലറ്റ് പാംപോസും വിമാനം പുറപ്പെടുമ്പോൾ ചെയ്യുന്ന പതിവു പരിശോധനകൾ പൂർത്തിയാക്കി യാത്ര തുടങ്ങി. വിമാനം 3000 അടിയിലെത്തിയപ്പോൾ റൺവേയിലായിരിക്കുമ്പോൾ മാത്രം കേൾക്കേണ്ട ഒരു മുന്നറിയിപ്പ് വിമാനത്തിനുള്ളിൽ നിന്നും മുഴങ്ങി. അത് പരിഹരിക്കാനുള്ള ശ്രമം തുടരുമ്പോൾ തന്നെ സംഗതി ഗുരുതരമാക്കി വിമാനത്തിലെ മാസ്‌റ്റർ മുന്നറിയിപ്പും മുഴങ്ങി. വിമാനത്തിലെ ചൂട് ക്രമാതീതമായി ഉയരുമ്പോഴാണ് സാധാരണ ഈ മുന്നറിയിപ്പ് മുഴങ്ങുന്നത്. ഇതിനിടയിൽ പൈലറ്റുമാർ വിമാനത്തിലെ തകരാർ പരിഹരിക്കാൻ എയർ ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഏറെ താമസിയാതെ തന്നെ കൺട്രോൾ റൂമുമായി വിമാനത്തിലെ ബന്ധം വിശ്ചേദിക്കപ്പെട്ടു.

വിമാനം തീവ്രവാദികൾ റാഞ്ചിയോ
സൈപ്രസിലെ എയർ ട്രാഫിക് കൺട്രോളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് പൈലറ്റുമാർ പ്രതികരിക്കാതായതോടെ വിമാനം തീവ്രവാദികൾ റാഞ്ചിയതാണോ എന്ന സംശയം ബലപ്പെട്ടു. സാധാരണയായി സൈപ്രസിൽ നിന്നും ഏഥൻസിലേക്കുള്ള യാത്രയ്‌ക്ക് ഒന്നര മണിക്കൂറാണ് വേണ്ടിയിരുന്നത്‌. എന്നാൽ രണ്ടര മണിക്കൂറായിട്ടും കൺട്രോൾ റൂമുമായി ബന്ധപ്പെടാതെ ഏഥൻസ് നഗരത്തെ വട്ടമിട്ടു പറക്കുകയായിരുന്ന ഹീലിയോസ് വിമാനത്തെ തീവ്രവാദികൾ റാഞ്ചിയെന്ന് തന്നെ ഗ്രീസ് ഭരണകൂടം ഉറപ്പിച്ചു. 30 ലക്ഷത്തോളം ജനസഖ്യയുള്ള ഏഥൻസ് നഗരത്തിലേക്ക് വിമാനം ഇടിച്ചിറങ്ങിയാലുണ്ടാകുന്ന മാരക അപകടം മുന്നിൽ കണ്ട ഭരണകൂടം ഇക്കാര്യം അന്വേഷിക്കാൻ രണ്ട് യുദ്ധവിമാനങ്ങളെ വിട്ടു.

പ്രേതവിമാനം
എന്നാൽ ഹീലിയോസ് വിമാനത്തിനടുത്തെത്തിയ യുദ്ധവിമാനത്തിലെ പൈലറ്റുമാർ കണ്ട കാഴ്‌ച ഞെട്ടിക്കുന്നതായിരുന്നു. വിമാനത്തിലെ 121 യാത്രക്കാരും അനങ്ങുന്നില്ല. മാത്രവുമല്ല കോക്പി‌റ്റിൽ പൈലറ്റിന്റെ സീറ്റിൽ ആരുമില്ല. കോ പൈലറ്റാണെങ്കിൽ സീറ്റിൽ ബോധരഹിതനായി ഇരിക്കുന്നു. യുദ്ധ വിമാനം അടുത്തെത്തിയിട്ടും ആരും പ്രതികരിക്കുന്നില്ല. വിമാനവുമായി ബന്ധപ്പെടാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട ബോംബർ വിമാനത്തിലെ പൈലറ്റുമാർ പെട്ടെന്നാണ് ആ കാഴ്‌ച കണ്ടത്. കോക്പി‌റ്റിൽ ആരോ അനങ്ങുന്നു. അയാൾ ക്യാപ്‌റ്റന്റെ സീറ്റിൽ വന്നിരുന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നു. മിനിറ്റുകൾക്കകം ഏഥൻസിലെ മലനിരകളിൽ ഹീലിയോസ് 520 തകർന്നു വീണു.

ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ
അപകട സ്ഥലത്ത് നിന്നും കണ്ടെടുത്ത യാത്രക്കാരുടെ മൃതദേഹങ്ങൾ പരിശോധിച്ച അന്വേഷണ സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടി. ദുരന്തത്തിന് ഇരയായവരെല്ലാം അപകട സമയത്ത് ജീവനോടെ ഉണ്ടായിരുന്നു എന്നും അവർ മരിച്ചത് വിമാനം നിലത്ത് പതിച്ചതിന്റെ ആഘാതത്തിലായിരുന്നു എന്നുമാണ് മെഡിക്കൽ റിപ്പോർട്ടിൽ പറഞ്ഞത്. തുടർന്ന് അന്വേഷണ സംഘം പ്രധാനമായും രണ്ട് ചോദ്യങ്ങൾക്കാണ് ഉത്തരം കണ്ടെത്തിയത്.

1. യാത്രക്കാരെല്ലാം മരിച്ചത് വിമാനം തകർന്ന് വീഴുമ്പോഴാണെങ്കിൽ യുദ്ധ വിമാനത്തിന്റെ സാമിപ്യത്തിൽ പോലും അവർ പ്രതികരിക്കാതിരുന്നത് എന്ത് കൊണ്ട്?

2. ഹീലിയോസ് 522ന്റെ അടുത്തെത്തിയ യുദ്ധ വിമാനത്തിലെ പൈലറ്റ് കണ്ടുവെന്ന് പറയപ്പെടുന്ന, വിമാനത്തെ നിയന്ത്രിച്ചിരുന്നയാൾ ആരാണ്?

തുടർന്ന് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ആദ്യ ചോദ്യത്തിനുള്ള ഉത്തരമാണ്. തകർന്ന് വീഴുന്നതിന് മുമ്പ് വിമാനത്തെ നിയന്ത്രിച്ചിരുന്നത് ഫ്ലൈറ്റ് അറ്റൻഡന്റായ ആന്ത്രയാസ് പെട്രോയായിരുന്നു. പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ ഇയാൾ യാത്രക്കാരെ കൊലപ്പെടുത്തിയ ശേഷം വിമാനം ഇടിച്ചിറക്കി എന്നായിരുന്നു സംഘത്തിന്റെ ആദ്യ നിഗമനം. എന്നാൽ പിന്നീട് വിമാനത്തിലെ വോയിസ് റിക്കാഡിംഗ് സംവിധാനം പരിശോധിച്ച സംഘം വീണ്ടും കുഴങ്ങി. കാരണം വിമാനം തകരുന്നതിന് മുമ്പ് സഹായം അഭ്യർത്ഥിക്കുന്ന പെട്രോയുടെ ശബ്‌ദം റിക്കാർഡറിൽ വ്യക്തം. എന്നാൽ വിമാനത്തിലെ റേഡിയോ സംവിധാനം അപ്പോഴും സൈപ്രസിലെ എയർട്രാഫിക് കൺട്രോൾ ടവറിലേക്ക് ട്യൂൺ ചെയ്‌തിരുന്നതിനാൽ ഏഥൻസിലെ വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചതുമില്ല.

വിമാനം തകർന്നത് ഇന്ധനം തീർന്നത് മൂലം
തുടർന്ന് നടത്തിയ പരിശോധനയിൽ വിമാനം തകർന്നത് ഇന്ധനം തീർന്നത് കൊണ്ടാണെന്ന് തെളിഞ്ഞു. യുദ്ധവിമാനത്തിലെ പൈലറ്റിന്റെ റിപ്പോർട്ടിൽ പറഞ്ഞത് പ്രകാരം ഹീലിയോസ് ഇടതു വശത്തേക്ക് തിരിഞ്ഞ് താഴേക്ക് പതിച്ചത് ഇടത് എൻജിനിൽ ഇന്ധനം തീർന്നത് കൊണ്ടാണെന്നും കണ്ടെത്തി. കൂടാതെ പറന്നുയർന്ന് അരമണിക്കൂറിന് ശേഷം വിമാനം ഓട്ടോ പൈലറ്റ് സിസ്‌റ്റത്തിലായിരുന്നുവെന്നും കണ്ടെത്തി.

യുദ്ധവിമാനം കണ്ടിട്ടും യാത്രക്കാർ പ്രതികരിക്കാതിരുന്നത്?
എന്നാൽ ഇത്രയൊക്കെ പരിശോധിച്ചിട്ടും ആദ്യ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ അന്വേഷണ സംഘത്തിനായില്ല. ഒടുവിൽ വിമാന അവശിഷ്‌ടങ്ങളിൽ തകരാതെ കിടന്ന ഒരു സ്വിച്ചിൽ നിന്നും അതിനും ഉത്തരം കിട്ടി. പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിൽ ഒരു പരിശോധന നടത്തിയിരുന്നു. എൻജിനുകൾ പ്രവർത്തിപ്പിക്കാതെ ഡിജിറ്റൽ പ്രഷർ കൺട്രോൾ യൂണിറ്റ് മാനുവൽ മോഡിലേക്ക് മാറ്റി വിമാനത്തിലെ വായുസമ്മർദ്ദം കൂട്ടിയതിന് ശേഷം വാതിലിലൂടെ വായു പുറത്തേക്ക് പോകുന്നുണ്ടോ എന്നായിരുന്നു പരിശോധിച്ചത്. എന്നാൽ പരിശോധനയ്‌ക്ക് ശേഷം ഡിജിറ്റൽ പ്രഷർ കൺട്രോൾ യൂണിറ്റിലെ സ്വിച്ച് തിരികെ ഓട്ടോ പൊസിഷനിലേക്ക് വയ്‌ക്കാൻ മറന്നതാണ് വിനയായത്.

വിമാനത്തിലെ യാത്രക്കാർക്ക് ശ്വസിക്കാനുള്ള വായു ലഭ്യമാക്കുന്ന ഡിജിറ്റൽ പ്രഷർ കൺട്രോൾ യൂണിറ്റ് പ്രവർത്തിക്കാതായതോടെ പതിയെ വിമാനത്തിലെ യാത്രക്കാരും പൈലറ്റുമാരും അബോധാവസ്ഥയിലേക്ക് വീണു. ഇതാണ് വിമാനത്തിലെ യാത്രക്കാർ മരിച്ചെന്ന് യുദ്ധവിമാനത്തിലെ പൈലറ്റിന് തോന്നാൻ കാരണം. പക്ഷേ വിമാനത്തിൽ അധികമായുണ്ടായിരുന്ന ഓക്‌സിജൻ സിലിണ്ടറുകൾ ഉപയോഗിച്ച് ബോധം നശിക്കാതെ തുടർന്ന പെട്രോ അവസാന നിമിഷം വിമാനത്തെ രക്ഷിക്കാൻ നടത്തിയ ശ്രമമാണ് യുദ്ധവിമാനത്തിലെ പൈലറ്റുമാർ കണ്ടത്. എന്നാൽ പെട്രോയ്‌ക്ക് ഇടപെടാനാവുന്നതിലും അപ്പുറത്തേക്ക് കടന്ന ഹീലിയോസ് 522 അനിവാര്യമായ ദുരന്തത്തിലേക്ക് കൂപ്പുകുത്തി.

ദുരന്തത്തിന്റെ സ്‌മാരകം
ഏഥൻസിന്റെ മലനിരകളിൽ തകർന്ന് വീണ ഹീലിയോസ് 522 ന്റെ ഓർമ്മയ്‌ക്കായി ഇപ്പോഴും ഇവിടെ ദുരന്ത സ്‌മാരകം നിലനിൽക്കുന്നു. അപകടത്തിൽ മരിച്ചവരുടെ നിറം മങ്ങിയ ചിത്രങ്ങളും കുറച്ച് പൂക്കളും,ഈ സ്‌മാരകത്തിൽ ലോകം കണ്ട ഏറ്റവും ദുരൂഹമായ വിമാന അപകടത്തിന്റെ മൂകസാക്ഷികളായി ഇപ്പോഴുമുണ്ട്.


Tags

Post a Comment

0 Comments

Ads Area